ഗൂഡല്ലൂർ: ഗൂഡല്ലൂരിന് സമീപം ഓവേലിയിൽ തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു. ലാരൻസ്റ്റൻ തേയിലത്തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്.
വനത്തോട് ചേർന്നുള്ള പാടിയിലാണ് ഇയാൾ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം തോട്ടം നനയ്ക്കാനായി ഇറങ്ങിയ ഇദ്ദേഹം ഏറെ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പമ്പ് ഹൗസിൽ നിന്ന് അഞ്ഞൂറ് മീറ്ററോളം മാറി കുറ്റിക്കാടിന് സമീപത്തുനിന്നുമാണ് ബാലകൃഷ്ണന്റെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. ശരീരത്തിന്റെ ഭൂരിഭാഗവും കടുവ ഭക്ഷിച്ച നിലയിലായിരുന്നു. ബന്ധുക്കൾ വസ്ത്രങ്ങളും മറ്റും കണ്ട് മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
സംഭവത്തെ തുടർന്ന് വനപാലകരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കടുവയ്ക്കായുള്ള തിരച്ചിലിന്റെ ഭാഗമായി ഡ്രോണുകൾ, പ്രത്യേക നിരീക്ഷണ ക്യാമറകൾ, ബൈനോക്കുലറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയാണ് വനംവകുപ്പ് ഊർജിതമാക്കിയിരിക്കുന്നത്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.